Saturday, 13 April 2013

വിഷുനന്മയുടെ കണിയുമായി വിഷുപ്പുലരി....

കണ്ണടച്ചു വേണം ഉറക്കമുണരാന്‍. വാല്‍സല്യത്തിന്‍റെ കൈവിരലുകള്‍ കണ്ണുകളെ പതുക്കെ മൂടും. നമ്മെ നടത്തി പ്രകാശ പൂര്‍ണ്ണിമയുടെ മുന്‍പില്‍ കൊണ്ടുചെന്നാക്കും. വിരലുകള്‍ വകഞ്ഞു മാറ്റി കണ്‍ തുറക്കുമ്പോള്‍ ദീപ്തമായ പൊന്‍കണി. വെള്ളോട്ടുരുളിയില്‍ നിലവിളക്ക്, ഒരു പിടി കൊന്നപ്പൂവ്, കണിവെള്ളരി, നാളീകേരം, പൊന്നാഭരണം, നാണ്യം, ഫലങ്ങള്‍, പുതുവസ്ത്രം, ധാന്യം വാല്‍ക്കണ്ണാടി, പിന്നെ ശ്രീകൃഷ്ണ വിഗ്രഹം. ഇതാണ് പൊന്‍കണി-വിഷുക്കണി. ഒരു വര്‍ഷത്തെ ജ-ീവിതയാത്രയെ നിയന്ത്രിക്കുന്നത്, സഫലമാക്കുന്നത് ഈ കണിയാണെന്നാണ് മലയാളിയുടെ വിശ്വാസം. കാരണം വിഷു മലയാളിയുടെ പുതുവത്സരപ്പിറവിയാണ്. കൃഷി തുടങ്ങുന്നത് അന്നാണെന്നാണ് സങ്കല്‍പം.സമൃദ്ധിയുടെ കണിവയ്പ്പാണ് വിഷു. മേടത്തിലും തുലാത്തിലും വിഷു വരുമെങ്കിലും മേട വിഷുവിനാണ് പ്രാധാന്യം. രാപകലുകള്‍ക്ക് തുല്യ നീളം ഉള്ള ദിവസങ്ങളെയാണ് വിഷു എന്ന് പറയുക. കേരളത്തില്‍ വടക്കാണ് വിഷു കേമമായി ആഘോ ഷിക്കാറ്. തെക്കന്‍ കേരളത്തില്‍ പൊതുവേ വിഷുക്കണിക്കും വിഷുക്കൈനീട്ടത്തിനുമാണ് പ്രാധാന്യം.

കണിവയ്ക്കുന്നതെങ്ങനെ

വെള്ളോട്ടുരുളിയിലോ താലത്തിലോ ആണ് കണിവയ്ക്കുക. സ്വര്‍ണ്ണ നിറത്തിലുള്ള കണിവെള്ളരിക്കയും സൗവര്‍ണ്ണ ശോഭയുമുള്ള കണിക്കൊന്നയുമാണ് പ്രധാന ഇനങ്ങള്‍. ഗ്രന്ഥം, സ്വര്‍ണ്ണാഭരണം, നാണയം, ധാന്യം, നാളികേരം, മാങ്ങ, ചക്ക, പൂക്കള്‍, ഫലങ്ങള്‍, അഷ്ടമംഗല്യത്തട്ട്, നിലവിളക്ക്, പുതുവസ്ത്രം, വാല്‍ക്കണ്ണാടി എന്നിവയാണ് കണികാണാന്‍ വയ്ക്കുക.
തെക്കന്‍ നാടുകളില്‍ കണിക്ക് ശ്രീകൃഷ്ണ വിഗ്രഹം പ്രധാനമാണ്. എന്നാല്‍ വടക്ക് ശ്രീഭഗവതിയെ സങ്കല്‍പിച്ചാണ് ഉരുളിയില്‍ വാല്‍ക്കണ്ണാടി വയ്ക്കുന്നത്. ഉരുളി പ്രപഞ്ചത്തിന്‍റെ പ്രതീകമാണെന്നും അതില്‍ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് ഒരു സങ്കല്‍പം. കണിക്കൊന്ന പൂക്കള്‍ കാലപുരുഷന്‍റെ കിരീടമാണ്. കണിവെള്ളരി മുഖം, വിളക്ക് തിരികള്‍ കണ്ണുകള്‍, വാല്‍ക്കണ്ണാടി മനസ്സ്, ഗ്രന്ഥം വാക്കുകള്‍ എന്നിങ്ങനെ പോകുന്നു ആ സങ്കല്‍പം. വിഷുക്കൈനീട്ടമാകട്ടെ ധനലക്ഷ്മിയെ ആദരിക്കലാണ്.

കണികാണേണ്ടതെങ്ങനെ

കണിയെന്നാല്‍ കാഴ്ച. വിഷുക്കണിയെന്നാല്‍ വിഷു ദിനത്തിലെ പുതുവത്സരത്തിലെ ആദ്യത്തെ കാഴ്ച. ഉണര്‍ന്നെണീറ്റ് കണ്ണു തുറക്കുമ്പോള്‍ കാണുന്നതാണ് ആദ്യത്തെ കണി. ആ കണി കാണുന്നത് ആദ്യം വീട്ടമ്മയായിരിക്കും. വീട്ടിലെ മുത്തശ്ശിയോ അമ്മയോ മൂത്ത സഹോദരിയോ ഒക്കെ. തലേന്ന് രാത്രി കണി സാധനങ്ങള്‍ ഒരുക്കിവച്ച് വിളക്കില്‍ എണ്ണയൊഴിച്ച് പാകപ്പെടുത്തി വച്ച് അതിനടുത്താവും അവര്‍ കിടന്നുറങ്ങുക. കൈയെത്തുന്നിടത്ത് തീപ്പെട്ടിയും ഉണ്ടാകും. ഉറക്കമുണര്‍ന്നാലുടന്‍ വിളക്കിന്‍റെ തിരി കണ്ടുപിടിച്ച് കണ്ണടച്ച് വിളക്കു കൊളുത്തുന്നു. തീപകരുന്നതിനോടൊപ്പം ദിവ്യമായ കണിയും അവര്‍ കാണുന്നു. പിന്നെ വീട്ടിലെ ഓരോരുത്തരെയായി വിളിച്ചുണര്‍ത്തി കണ്ണു പൊത്തി കണിയുടെ മുന്‍പില്‍ കൊണ്ടു നിര്‍ത്തുന്നു. കൈകള്‍ മാറ്റുമ്പോള്‍ കണ്ണു തുറക്കാം. വിളക്കിന്‍റെ സ്വര്‍ണ്ണ വെളിച്ചത്തില്‍ കണിവെള്ളരിക്കയും വാല്‍ക്കണ്ണാടിയും സ്വര്‍ണ്ണവും നാണ്യങ്ങളുമെല്ലാം വെട്ടിത്തിളങ്ങുന്ന നിര്‍വൃതിദായകമായ കാഴ്ച.
കുടുംബാംഗങ്ങളെല്ലാവരും ഈ കാഴ്ച കണ്ടു കഴിഞ്ഞാല്‍ പിന്നെ അസുഖമായി കിടക്കുന്നവരുണ്ടെങ്കില്‍ അവരുടെ അടുത്തേക്ക് കണി ഉരുളി കൊണ്ടുചെന്ന് കാണിക്കും. പശുക്കളുള്ള വീട്ടില്‍ അവയേയും കണി ഉരുളി കാണിക്കും. പിന്നെ പടക്കം പൊട്ടിക്കലാണ്. ഇത് വിഷുവിന്‍റെ ഐതിഹ്യങ്ങളോട് ബന്ധപ്പെട്ട ആഘോഷമാണ്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസത്തെ ആഘോഷമാണ് വിഷു എന്നൊരു സങ്കല്‍പമുണ്ട്. മാലപ്പടക്കവും പൂത്തിരിയും മത്താപ്പും കൊച്ച് അമിട്ടുകളും മറ്റുമായി കുട്ടികള്‍ മാറുമ്പോള്‍ സ്ത്രീകള്‍ കുളിച്ചൊരുങ്ങി ക്ഷേത്രത്തില്‍ പോകും. തിരിച്ചെത്തിയാല്‍ പിന്നെ സദ്യ ഒരുക്കങ്ങളുടെ തിരക്കായി.....

No comments:

Post a Comment